History of Christ's Ambassadors!
ക്രൈസ്റ്റ്സ് അംബാസഡേഴ്സിനെക്കുറിച്ച്
അസംബ്ലീസ് ഓഫ് ഗോഡിന്‍റെ യുവജന വിഭാഗത്തെ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (CA) എന്നറിയപ്പെടുന്നു. "Christ for all; all for Christ" ("ക്രിസ്തു ഏവർക്കും ഏവരും ക്രിസ്തുവിന്") എന്നതാണ് ആപ്തവാക്യം. ദൈവത്തോട് നിരന്നു കൊൾവിൻ എന്ന് ക്രിസ്തുവിന് പകരം ലോകത്തെ പ്രബോധിപ്പിക്കുന്ന ക്രിസ്തുവിന്‍റെ സ്ഥാനാപതികളാണ് ഇവർ. സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാതെ കഴിവിന്‍റെ പരമാവധി സുവിശേഷം അറിയിക്കുവാൻ പ്രതിജ്ഞാബദ്ധരാണ് ഓരോ സി. എ. അംഗവും.
സി. എ. അമേരിക്കയിൽ
1924-ൽ അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ്, കാലിഫോർണിയാ ഡിസ്ട്രിക്ടില്‍ ആരംഭിച്ച പെന്തക്കോസ്തൽ അംബാസഡേഴ്സ് ഫോർ ക്രൈസ്റ്റ് (PAC) എന്ന പ്രസ്ഥാനമാണ് ഇതിൻറെ പ്രാഗ് രൂപം. പിന്നീട് അരിസോണാ സ്റ്റേറ്റ് യുവജന സംഘടനയുടെ പ്രസിഡന്‍റ് ആയിരുന്ന കാള്‍ ഹാച്ച് ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്ന പേര് നിർദ്ദേശിച്ചു. 1928 മുതൽ ഈ പേര് സാർവത്രികമായി അംഗീകരിക്കപ്പെട്ടു. (എൽ. സാം, ക്രൈസ്റ്റ്സ് അംബാസഡേഴ്സ്, സി. എ. സിൽവർ ജൂബിലി സുവനീർ. സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് 1951-1976 p15.)
1937-ൽ ടെന്നസിയിലെ മംഫിസ് നഗരത്തിൽ കൂടിയ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ സി. എ. ഹെറാൾഡ് പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. മിസ്റ്റർ റോബർട്ട് സി. കണ്ണിംഗ് ആയിരുന്നു പത്രാധിപര്‍. 1941-ൽ ദേശീയാടിസ്ഥാനത്തിൽ വിപുലമായ ഒരു സി. എ. ഡിപ്പാർട്ട്മെന്‍റ് രൂപം കൊണ്ടു. 1942-ൽ യുവജന പ്രവർത്തനശൈലിക്ക് രൂപം നൽകി. അതായത് പ്രാർത്ഥനയിൽ പോരാടുവാനും ക്രിസ്തുവിനെ ആളാംപ്രതി സാക്ഷിക്കുവാനും സുവിശേഷം വിദേശങ്ങളിൽ അറിയിക്കുവാനും യുവജനങ്ങളെ സജ്ജരാക്കുക എന്നതായിരുന്നു. 1943-ല്‍ എ. ജി. ഹെഡ് ക്വാർട്ടേഴ്സിൽ സി. എ. ഡിപ്പാർട്ട്മെന്‍റ് രൂപീകൃതമായി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലേക്കു സുവിശേഷം അറിയിക്കുവാൻ 1945-ൽ സ്പീഡ് ദി ലൈറ്റ് ആരംഭിച്ചു. വിദേശങ്ങളിലേക്ക് സുവിശേഷവുമായി പോകുന്ന മിഷണറിമാർക്ക് വാഹനങ്ങൾ, ഉച്ചഭാഷിണി, അച്ചടിയന്ത്രങ്ങൾ എന്നിവ നൽകുവാനും സെർവീസ്മെന്‍സ് ഡിവിഷൻ രൂപീകരിച്ച് സായുധസേനാ വിഭാഗങ്ങളിലേക്ക് സുവിശേഷം വ്യാപിപ്പിച്ചു.
കോളേജ് വിദ്യാർത്ഥികളോട് സുവിശേഷം അറിയിക്കുവാൻ ക്യാമ്പസ് അംബാസഡർ പ്രസിദ്ധപ്പെടുത്തി. സ്പീഡ് ദി ലൈറ്റ് പ്രോഗ്രാം വഴി ഒരു ലക്ഷത്തി മുന്നൂറ്റി എഴുപത്തഞ്ച് ഡോളർ യുവജനങ്ങൾ ശേഖരിച്ചു. അധികം താമസിയാതെ അംബാസഡർ എന്ന പേരിൽ ഒരു യാത്രാവിമാനം സി. എ. സ്വന്തമാക്കി.
1952 -ൽ ഒരു കോടി ഡോളറും, 1955-ല്‍ ആയിരം വാഹനങ്ങളും, 1959-ല്‍ മൂന്ന് കോടി ഡോളറും സമാഹരിച്ച് സുവിശേഷത്തിന്‍റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു. അസംബ്ലീസ് ഓഫ് ഗോഡിന്‍റെ അസിസ്റ്റന്‍റ് ജനറൽ സൂപ്രണ്ടുമാരിൽ ഒരാൾക്ക് സി. എ.യുടെ പ്രത്യേക ചുമതല നൽകപ്പെട്ടു. വെസ്ലി ആര്‍. സ്റ്റീല്‍ബര്‍ഗ് ആയിരുന്നു ആദ്യത്തെ സി. എ. എക്സിക്യൂട്ടിവ് ഡയറക്ടര്‍. ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഈ യുവജന സംഘടന പ്രവർത്തിക്കുന്നു.
സി. എ. കേരളത്തിൽ
1951-ൽ അമേരിക്കയിൽ സി. എ. യുടെ ഒരു സജീവ പ്രവർത്തകനായിരുന്ന ഇ. എ. സോർബോയും കുടുംബവും കേരളത്തിൽ വന്നു. പ്രാദേശിക സഭകളിൽ നടന്നുവന്നിരുന്ന യുവജനപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച അദ്ദേഹമാണ് കേരളത്തിൽ സി. എ. യ്ക്ക് സുസ്ഥിരമായ അടിസ്ഥാനം ഇട്ടത്. 1952-ല്‍ പുനലൂരിൽ നടന്ന ശുശ്രൂഷകന്മാരുടെയും യുവജന പ്രവർത്തകരുടെയും സമ്മേളനത്തിൽ സി. എ. യുടെ പൊതുവായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാസ്റ്റർ എം. ജോൺസനെ (വിഴവൂർ) നിയമിച്ചു.
1954 സെപ്റ്റംബർ 18-ന് തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഠൗൺഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ റവ. ഇ. എ. സോര്‍ബോയെ സി. എ. കൗൺസിലറായി തെരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ മലബാർ, മദ്ധ്യതിരുവിതാംകൂർ, തിരുവനന്തപുരം, സതേണ്‍ എന്നീ സെക്ഷനുകളിൽ നിന്ന് സി. എ. ഭാരവാഹികളും ശുശ്രൂഷകന്മാരും പങ്കെടുത്തു. ഭാവി പുരോഗമനത്തിന് ആവശ്യമായ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. (അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ. 1954 ഒക്ടോബർ p.20) 1956-ല്‍ പുനലൂരിൽ കൂടിയ പ്രത്യേക സമ്മേളനത്തിൽ സി. എ. യുടെ ഭരണഘടന ചർച്ച ചെയ്തു അംഗീകരിച്ചു. 14 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായമുള്ളവരാണ് സി. എ. അംഗങ്ങൾ.
1959 ജനുവരി 12, 13 തീയതികളിൽ പുനലൂരിൽ വച്ച് ഭരണഘടന പ്രകാരം ഡിസ്ട്രിക്ട് സി. എ.യുടെ ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ പി. ഡി. ജോൺസൺ (പ്രസിഡന്‍റ്) പാസ്റ്റർ എം. സി. ജേക്കബ് (വൈസ് പ്രസിഡന്‍റ്), ബ്രദർ എല്‍. സാം (സെക്രട്ടറി), ബ്രദർ ജോൺ തോമസ് (ട്രഷറർ) എന്നിവരടങ്ങിയതായിരുന്നു ആദ്യ ഡിസ്ട്രിക്ട് സി. എ. കമ്മിറ്റി. (ഡി. ബോവര്‍ട്ട് റെഗുലസ്, ക്രൈസ്റ്റ് അംബാസഡേഴ്സ്, എസ്. ഐ. എ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുവനീർ 2000, p.69)
തുടർന്നു രണ്ടുവർഷത്തിലൊരിക്കൽ സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്ടിലെ എല്ലാ പ്രാദേശിക സി. എ. ഗ്രൂപ്പുകളിലും നിന്നുള്ള പ്രതിനിധികൾ ചേർന്ന് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു വന്നു. ഇക്കാലത്ത് സെക്ഷൻ (ഇന്നത്തെ മേഖല) തലത്തിലും, സെന്‍റര്‍ (ഇന്നത്തെ സെക്ഷൻ) തലത്തിലും, പ്രാദേശിക തലത്തിലും കമ്മിറ്റികൾ രൂപീകരിച്ചു.
1968 ഡിസംബർ 12-15 വരെ നടന്ന മലബാറിലെ പ്രഥമ സി. എ. സമ്മേളനത്തിൽ പാസ്റ്റർ ടി. സാംകുട്ടി പ്രസിഡന്‍റായി ആദ്യ സെക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
സതേണ്‍ സെക്ഷനിൽ സി. എ. യുടെ മുൻനിരയിൽ പ്രവർത്തിച്ചത് പാസ്റ്റർമാരായ എം. ജോൺസൺ, സി. കെ. ജോർജ്ജ്, പി. കെ. വർക്കി, വൈ. ചെല്ലപ്പൻ, പി. ആമോസ് തുടങ്ങിയവരായിരുന്നു.
മദ്ധ്യസെക്ഷനിൽ സി. എ. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പാസ്റ്റർമാരായ എ. കെ. പാപ്പച്ചൻ, എം. സി. ജേക്കബ്, പി. എൻ. സഖറിയ, ജോൺ തോമസ്, കെ. എം. ചാക്കോ, എം. എസ്. മത്തായി, പി. ഒ. ചെറിയാൻ, പി. എസ്. ഫിലിപ്പ്, വി. റ്റി. വർഗ്ഗീസ്, സി. എം. വർഗ്ഗീസ്, ബേബി വർഗ്ഗീസ്, വി. ജെ. മാത്യു, സി. വൈ. തങ്കച്ചൻ, റ്റി. ജെ. രാജൻ, ടി. ജെ. സാമുവല്‍ എന്നിവരും സഹോദരന്മാരായ വൈ. ശാമുവേൽകുട്ടി, എബ്രഹാം ഫിലിപ്പ് എന്നിവരും ആയിരുന്നു.
പാസ്റ്റര്‍ ടി. ജെ. സാമുവൽ, പാസ്റ്റർ ഒ. സാമുവൽ എന്നിവർ മദ്ധ്യ മേഖലാ ഡയറക്ടർമാർ ആയിരിക്കുമ്പോൾ അവരുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനങ്ങൾ അനേക യുവഹൃദയങ്ങളിൽ സുവിശേഷ താൽപര്യം ജനിപ്പിച്ചു.
ഡി ജോഷ്വാ, എസ്. നേശമണി, ജി. ഫിലിപ്പോസ്, എം. ചെല്ലയ്യന്‍, വി. ദേവദാസ്, ജെ. നെല്‍സന്‍, ജെ. വില്യം, കെ. യേശുദാസൻ, എല്‍. ഡേവി, ജെ. സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്ഷനിൽ ശക്തമായ പ്രവർത്തനങ്ങൾ നടന്നിരുന്നു.
ആദ്യകാലങ്ങളിൽ ഓരോ സഭയിലുമുള്ള സി. എ. അംഗങ്ങളുടെ അനുപാതത്തിന് ഒത്തവണ്ണമായിരുന്നു അംഗങ്ങളെ പ്രതിനിധി സമ്മേളനത്തിന് അയച്ചിരുന്നത്. അവർ ഡിസ്ട്രിക്ടില്‍ സി. എ. കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇപ്രകാരമുള്ള തെരഞ്ഞെടുപ്പ് 1980 വരെ നടന്നു. 1981 മുതൽ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ച ഒരാൾ സി. എ. പ്രസിഡന്‍റായി. സെക്ഷന്‍ സി. എ. പ്രസിഡന്‍റുമാര്‍ കമ്മിറ്റി അംഗങ്ങളും. പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിക്കുന്ന മൂന്നുപേരിൽ നിന്നും സെക്ഷൻ കമ്മിറ്റി അംഗങ്ങൾ പ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു. 1990-ലെ ഡിസ്ട്രിക്ട് കോൺഫറൻസിൽ സി. എ. കമ്മിറ്റിയിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രായപരിധി 25 മുതൽ 40 വരെ എന്നാക്കി. 2004-ലെ ഡിസ്ട്രിക്ട് കോൺഫറൻസ് സി. എ. കമ്മിറ്റി വിപുലീകരിച്ചു. ഇപ്പോൾ ഡിസ്ട്രിക്ട് തലത്തിൽ ഏഴംഗ കമ്മിറ്റിയാണുള്ളത്. അവര്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഖജാൻജി, ഇവാഞ്ചലിസം കൺവീനർ, ചാരിറ്റി കൺവീനർ എന്നിവരാണ്.
1976-ല്‍ സി. എ. സിൽവർ ജൂബിലി സുവനീർ പ്രസിദ്ധീകരിച്ചു. ബ്രദർ എൽ. സാം ചീഫ് എഡിറ്ററായിരുന്നു. 1980-ല്‍ സെൻട്രൽ സെക്ഷൻ സി. എസ. സുവനീർ പ്രസിദ്ധീകരിച്ചു. പാസ്റ്റർ കോശി വൈദ്യനായിരുന്നു ചീഫ് എഡിറ്റർ. പാസ്റ്റർ ടി. മത്തായിക്കുട്ടി ചീഫ് എഡിറ്ററായി 1985-ല്‍ രണ്ടു മാസത്തിലൊരിക്കൽ ചെങ്ങന്നൂരിൽ നിന്നും ക്രൈസ്റ്റ് അംബാസഡർ എന്ന ആനുകാലികം പ്രസിദ്ധീകരിച്ചിരുന്നു. മൂന്നു വർഷങ്ങൾക്കു ശേഷം അതു നിന്നുപോയി. 1999-ലെ ഡിസ്ട്രിക്ട് കൺവെൻഷനോട് അനുബന്ധിച്ച് നടന്ന സി. എ. സമ്മേളനത്തിൽ ഒരു സുവനീർ പ്രസിദ്ധീകരിച്ചു. എൽ സാം ചീഫ് എഡിറ്ററായിരുന്നു. 2001-ൽ ഗോൾഡൻ ജൂബിലി സുവനീർ ഡോ. ബിനു ഡാനിയൽ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ചു.
സുവിശേഷീകരണം കൂടാതെ ലഹരി വിരുദ്ധ സന്ദേശയാത്ര, രക്തദാനം, ഉച്ചഭക്ഷണ വിതരണം, അഗതിമന്ദിരങ്ങളിലെ സന്ദര്‍ശനങ്ങള്‍, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ. എസ്. ആര്‍. ടി. സി. ബസുകള്‍ വൃത്തിയാക്കല്‍, ട്രാഫിക് പോലീസുകാര്‍ക്ക് പോളറൈസ്ഡ് ഗ്ലാസ്സ് വിതരണം തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങൾ വിവിധ കാലങ്ങളിൽ നടത്തിയിട്ടുണ്ട്. പാസ്റ്റർ ജി. ജോൺസൺ പ്രസിഡന്‍റ് ആയിരിക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി സി. എ. നോട്ട്ബുക്കുകൾ വിതരണം ചെയ്തു. 2018-ലെ വെള്ളപ്പൊക്കത്തിലും, 2020-2021 കാലഘട്ടത്തില്‍ ലോകത്തെ പിടിച്ചു കുലുക്കിയ കൊവിഡ്-19 ന്‍റെ പ്രയാസഘട്ടത്തിലും സി. എ. നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്.
2006-ല്‍ ഡിസ്ട്രിക്ട് ആസ്ഥാനത്ത് സ്വന്തമായി സി. എ. യ്ക്ക് സ്വന്തമായി ഓഫീസ് ഉണ്ടായി.
സി. എ. പ്രസിഡന്‍റുമാർ
(അവലംബം. ചരിത്ര മ്യൂസിയം രേഖകൾ, മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍, പുനലൂർ)# | സി. എ. പ്രസിഡന്‍റിന്‍റെ പേര് | കാലഘട്ടം |
---|---|---|
1 | പാസ്റ്റർ എം. ജോൺസൺ | 1952-1958 |
2 | പാസ്റ്റർ പി. ഡി. ജോൺസൺ | 1958-1968 |
3 | പാസ്റ്റർ കെ. എം. ചാക്കോ | 1968-1970 |
4 | പാസ്റ്റര്‍ ഇ. മാമ്മച്ചന്‍ | 1970-1972 |
5 | പാസ്റ്റർ എം. ചെല്ലയ്യൻ | 1972-1974 |
6 | പാസ്റ്റർ ആമോസ് പി. | 1974-1976 |
7 | പാസ്റ്റര്‍ റ്റി. ജെ. രാജന്‍ | 1976-1980 |
8 | പാസ്റ്റർ കെ. ഡാനിയൽ | 1980-1984 |
9 | പാസ്റ്റർ വി. റ്റി. എബ്രഹാം | 1984-1989 |
10 | പാസ്റ്റർ ടി. മത്തായിക്കുട്ടി | 1989-1991 |
11 | പാസ്റ്റര്‍ ജെ. ബെന്നറ്റ് | 1991-1993 |
12 | പാസ്റ്റര്‍ എന്‍. ക്രിസ്തുദാനം | 1993-1995 |
13 | പാസ്റ്റർ ഷാജി യോഹന്നാൻ | 1995-1997 |
14 | പാസ്റ്റർ ഡി. ബോവര്‍ട്ട് റെഗുലസ് | 1997-1999 |
15 | പാസ്റ്റർ ജെ. ജോൺസന്‍ | 1999-2001 |
16 | പാസ്റ്റർ സി. വി. എബ്രഹാം | 2001-2003 |
17 | പാസ്റ്റർ കെ. എസ്. സുരേഷ് | 2003-2005 |
18 | പാസ്റ്റർ പ്രഭ റ്റി. തങ്കച്ചൻ | 2005-2010 |
19 | പാസ്റ്റർ ജി. ജോൺസൺ | 2010-2012 |
20 | പാസ്റ്റർ ബിനു ജോസഫ് | 2012-2014 |
21 | പാസ്റ്റർ റോയ്സണ്‍ ജോണി | 2014-2018 |
22 | പാസ്റ്റര്‍ സാം യു. ഇളമ്പല്‍ | 2018-2022 |
23 | പാസ്റ്റര്‍ ജോസ് ടി. ജോര്‍ജ്ജ് | 2022-2024 |
24 | പാസ്റ്റര്‍ ഷിന്‍സ് പി. റ്റി. | 2024-Present |
(ഈ ചരിത്രം എ. ജി. ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി 2015-ല്‍ പ്രസിദ്ധീകരിച്ച ആത്മനിറവിന്‍റെ നൂറ് വര്‍ഷം എന്ന പുസ്തകത്തില്‍ പാസ്റ്റർ ടി. മത്തായിക്കുട്ടി എഴുതിയ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് എന്ന ഭാഗത്തെ അവലംബമാക്കിയാണ്. ക്രിസ്ത്യൻ മിനിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള പട്ടാഴി സ്വദേശി പാസ്റ്റര്‍ ടി. മത്തായിക്കുട്ടി ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.)